എന്റെ കുട്ടിക്കാലം ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമാണ്. മധ്യപ്രദേശില്‍ ജോലി ചെയ്തിരുന്ന പപ്പയോടു പിണങ്ങി അമ്മ നാട്ടില്വന്നു നില്പായപ്പോള് എനിക്ക് കഷ്ടിച്ച് നാലു വയസ്സേ ഉള്ളു. ഞാനും എന്റെ ചേച്ചിയും അമ്മയോടൊപ്പം നാട്ടിലെത്തി. പിന്നീട് പപ്പാ മരിക്കും വരെ കത്തുകളില്‍ മാത്രമായി പപ്പയും അമ്മയും തമ്മിലുള്ള ബന്ധമൊതുങ്ങി. നാട്ടില്‍ വന്നപ്പോള്‍ ഹിന്ദിയും മലയാളവും കൂട്ടി കലര്‍ത്തി സംസാരിച്ചിരുന്ന ഞങ്ങള്‍ നാട്ടുകാര്‍ക് ഒരു കൌതുകമായിരുന്നു. ഞങ്ങളുടെ ഹിന്ദി പാട്ട് കേള്‍ക്കാന്‍ അയല്‍വാസികളായ കുട്ടികള്‍ക്കും ഏറെ താല്പര്യമായിരുന്നു.